ദിലീപ് സിനിമ ശുഭരാത്രി കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയായി. അണിയറക്കാര്‍ ഒരു പ്രൊമോ വീഡിയോ, ചിത്രത്തിലെ താരങ്ങളെയെല്ലാം പരിചയപ്പെടുത്തികൊണ്ട് പുറത്തിറക്കികൊണ്ട് വിവരം അറിയിച്ചു. ജൂലൈ റിലീസ് ആയി ചിത്രമെത്തുമെന്നാണ് അറിയുന്നത്.
വ്യാസന് കെ പി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ശുഭരാത്രി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദിലീപ്, സിദ്ദീഖ് എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപിന്റെ നായികയായി അനു സിതാരയെത്തുന്നു. ശാന്തികൃഷ്ണ, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആശ ശരത്, ഷീലു എബ്രഹാം, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, കെപിഎസി ലളിത, തെസ്നി ഖാന് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
സംഗീതസംവിധായകന് ബിജിപാല്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്, എന്നിവര്‍ സിനിമയില്‍ ക്യാമിയോ റോളിലെത്തുന്നു. ആല്‍ബി ക്യാമറയും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കുന്നു. ഹേമന്ത് ഹര്ഷന് എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈനും ചെയ്യുന്നു. എബ്രഹാം മാത്യു അബാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.