വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി റിലീസിന് തയ്യാറെടുക്കുന്നു. സാനിയ അയ്യപ്പൻ നായികയായെത്തുന്ന സിനിമയുടെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ.
ഏപ്രിലിൽ സീ5 ൽ ഒടിടി റിലീസായും സീകേരളത്തില്‍ ടെലിവിഷൻ പ്രീമിയറായും സിനിമ റിലീസ് ചെയ്യും.
വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിര്‍മ്മാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ എന്നിവരാണ് അഭിനേതാക്കൾ. സംവിധായകൻ സൂരജ് ടോമും നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുകയാണ് സിനിമയിലൂടെ. ജിത്തു ദാമോദർ ഛായാഗ്രഹണം. എന്റെ മെഴുതിരി അത്താഴങ്ങൾ, പാവ എന്നിവ സംവിധായകന്റെ മുൻസിനിമകളാണ്.
പെപ്പർകോൺ സ്റ്റുഡിയോസ് ബാനറിൽ കോമഡി ഹൊറർ ത്രില്ലർ ആണ് സിനിമ. സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. ഹരിനാരായണന്റേതാണ് വരികൾ.