ഒരിടവേളക്ക് ശേഷം വിനീത് നായകനായെത്തുന്ന സിനിമ മാധവീയം തിയേറ്ററുകളിലേക്ക്. മാധവ ദേവെന്ന ചിത്രകാരനായി പ്രശസ്ത നടൻ വിനീതും, നായികയായി പുതുമുഖം പ്രണയയുമാണെത്തുന്നത്.
പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതെങ്കിലും സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാകും ചിത്രം. തേജസ് പെരുംമണ്ണയും ഗാന രചയിതാവും സംഗീത സംവിധായകനുമായി സുധിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.
നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനയ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് മാധവീയത്തിലെ ചിത്രകാരനെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.
പ്രണയമാണ് വിഷയമെങ്കിലും ഏറെ പുതുമകൾ ഉള്ള ചിത്രമാണ് ഇതെന്നും ആരെയും ആകർഷിക്കുന്ന ചിത്രമാണ് മാധവീയമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ബാബു നമ്പൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, വിനോദ് കോവൂർ, ലളിതശ്രീ, അംബിക മോഹൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
തേജസ് പെരുമണ്ണയുടതായി പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് മാധവീയം. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് നടനും നർത്തകനുമായ വിനീത് മടങ്ങി വരുന്നത്.