Categories
Film News

ആസിഫ് അലി, പാര്‍വ്വതി വേണുവിന്റെ അടുത്ത സിനിമയില്‍

കാര്‍ബണ്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു തന്റെ അടുത്ത ചിത്രത്തിനൊരുങ്ങുന്നു.അദ്ദേഹവും , ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമയൊരുക്കുന്നു. വേണുവിന്റെ ഭാഗത്ത് ഉയരെ ജോഡികളായ പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

നാല് സിനിമകളുടേയും കോമണ്‍ തീം എന്നത് സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങളാകുന്നത് എന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെകെ എസ്ര എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ ഒരുക്കിയ സംവിധായകന്‍ തന്റെ ഭാഗം ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ സംയുക്ത മേനോന്‍, ജോജു ജോര്‍ജ്ജ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അമ്പതുകളുടെ കഥാപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ആഷിഖ് അബു, പെണ്ണു ചെറുക്കനും എന്ന പേരില്‍ തന്റെ ഭാഗം ചിത്രീകരണം തുടങ്ങിയിരിക്കുന്നു. ബേസില്‍ ജോസഫ്, റോഷന്‍ മാത്യു എന്നിവര്‍ എത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫി ഷൈജു ഖാലിദ് ചെയ്യുന്നു. രാജീവ് രവി തുറമുഖം തീര്‍ത്ത ശേഷം മാത്രമായിരിക്കും തന്റെ ചിത്രം തുടങ്ങുന്നത്.