Categories
Film News

വെള്ളേപ്പം മേക്കിംഗ് വീഡിയോ പുറത്തിറക്കി അണിയറക്കാര്‍

വെള്ളേപ്പം അണിയറക്കാര്‍ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. റൊമാന്റിക് കോമഡി സിനിമ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ രാജ് പൂക്കാടന്‍ ആണ്. പതിനെട്ടാം പടി ഫെയിം അക്ഷയ് രാധാകൃഷ്ണന്‍, ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

നവാഗതനായ ജീവന്‍ ലാല്‍ തിരക്കഥ ഒരുക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ഫാന്റസി സിനിമയാണ്. ലീഡ് പെയറിനൊപ്പം റോമയും പ്രധാന കഥാപാത്രമാവുന്നു. രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന റോമ വെള്ളേപ്പത്തിലൂടെ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. അക്ഷയ് കഥാപാത്രത്തിന്റെ സഹോദരിയായാണ് റോമ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ ഒരു കമ്മ്യൂണിസ്റ്റ് ലീഡറായെത്തുന്നു.

കൈലാഷ്, സോഹന്‍ സീനുലാല്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം വൈശാഖ് രാജന്‍, ശ്രീജിത് രവി, സാജിദ് യാഹിയ, ജൂണ്‍ ഫെയിം ഫാഹിം സഫര്‍, പുതുമുഖം സാനിഫ് എന്നിവരാണ് സഹതാരങ്ങള്‍. അണിയറയില്‍ ഷിഹാബ് ഓങ്ങല്ലൂര്‍ ഡിഒപി, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് സംഗീതസംവിധാനം എസ്പി വെങ്കടേഷ് എന്നിവരാണ്.

വെള്ളേപ്പം നിര്‍മ്മിച്ചിരിക്കുന്നത് ബാറോഖ് ഫിലിംസ് ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.