Categories
Film News

ജയറാമിന്റെ ഗ്രാന്റ് ഫാദറില്‍ ഉണ്ണി മുകുന്ദനും

ജയറാം ചിത്രം ഗ്രാന്റ് ഫാദര്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. തമാശചിത്രമാണിത്. ഗ്രാന്റ് ഫാദറില്‍ വലിയ താരനിര തന്നെയുണ്ട്. ഇതിലേക്ക് പുതിയതായി എത്തുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി ചിത്രത്തില്‍ ചെറുതാണെങ്കിലും പ്രാധാന്യമുള്ള വേഷത്തിലാണെത്തുന്നത്. ഉണ്ണി മുകുന്ദന്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം സെന്തില്‍ കൃഷ്ണ, ബാബുരാജ് എന്നിവരുള്ള ഒരു സംഘട്ടന രംഗമാണ് ഇനി ചിത്രീകരിക്കാനുളളത്. അതുകൂടി കഴിഞ്ഞാല്‍ ചിത്രീകരണം പൂര്‍ത്തിയാവും.

കുമ്പസാരം, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് സംവിധായകന്‍ അനീഷ് അന്‍വര്‍. ഗ്രാന്റ് ഫാദറിനായി വലിയ താരനിരയെ തന്നെ അദ്ദേഹം ഉപയോഗിക്കുന്നു. ഊഴം ഫെയിം ദിവ്യ പിള്ള, കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം സുരഭി സന്തോഷ് എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷഹീര്‍, ബൈജു, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അച്ചിക്ക ഫിലിംസ് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരുമായി അസോസിയേറ്റ് ചെയ്താണ് ചിത്രം നിര്‍മ്മിക്കുന്നത്.