Categories
Film News

ഉണ്ട ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്യാന്‍ തുടങ്ങുന്നു

മമ്മൂട്ടിയുടെ ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ അണിയറക്കാര്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്യാന്‍ ആരംഭിക്കുകയാണ് . ഇന്ന് രാത്രി 7ന് ആദ്യ പോസ്റ്ററെത്തും. സിനിമയുടെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്ററിറക്കുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യു്‌നന ഉണ്ട കോമഡി ആക്ഷന്‍ ത്രില്ലര്‍ ആണ്. അനുരാഗ കരിക്കിന്‍ വെള്ളം സംവിധായകനാണ് ഖാലിദ്. പോലീസ് സബ്ഇന്‍സ്‌പെക്ടറായാണ് സിനിമയില്‍ മമ്മൂട്ടിയെത്തുന്നത്. കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഉത്തരേന്ത്യയിലെ നക്‌സലൈറ്റ് ഏരിയയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമെല്ലാം ചേര്‍ന്നതാണ് സിനിമ. ഖാലിദിന്റെ തന്നെ കഥയ്ക്ക് ഹര്‍ഷാദ് തിരക്കഥ എഴുതിയിരിക്കുന്നു.

ആസിഫ് അലി, അര്‍ജ്ജുന്‍ അശോകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജാക്കബ് ഗ്രിഗറി, സുധി കൊപ്പ, റോണി ഡേവിഡ്, ദിലീഷ് പോത്തന്‍, ലുഖ്മാന്‍, ഓംകാര്‍ ദാസ് മാണിക്പുരി, ഭഗ്വാന്‍ തിവാരി, ചിയന്‍ ഹോ ലിയാഓ എന്നിവരും സിനിമയിലെത്തുന്നു. സജിത്ത് പുരുഷന്‍ ക്യാമറയും സംഗീതം പ്രശാന്ത് പിള്ളയും ചെയ്യുന്നു. ശ്യാം കൗശല്‍ ആണ് സംഘട്ടനം.

കൃഷ്ണന്‍ സേതുകുമാര്‍ മൂവി മില്‍ ബാനറില്‍ ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.