Categories
Film News

ട്രാന്‍സ് :വിനായകന്റെ സംവിധാനത്തില്‍ സൗബിന്‍ ഷഹീറിന്റെ ഗാനം

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അടുത്തിടെ അണിയറക്കാര്‍ അറിയിച്ചതു പോലെ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ഫഹദ് ഫാസില്‍, നസ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അണിയറയിലും നിരവധി പ്രമുഖര്‍ അണിനിരക്കുന്ന ചിത്രമാണിത്. അക്കാഡമി പുരസ്‌കാരജേതാവ് റസൂല്‍ പൂക്കുട്ടി, സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ് തുടങ്ങിയവര്‍.

നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഏത് തരത്തിലുള്ളതാണെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഗീതം ചിത്രത്തില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍ സുശിന്‍ ശ്യാമിനൊപ്പം സംഗീതം ഒരുക്കിയിരിക്കുന്നു.

ഇരുവരേയും കൂടാതെ വിനായകന്‍ ഒുരു ഗാനം ഒരുക്കിയിട്ടുണ്ട്. സൗബിന്‍ ഷഹീര്‍ ഈ ഗാനം ആലപിച്ചിരിക്കുന്നു. സിനിമയുടെ ഇന്‍ട്രോ സോംഗ് ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനായകന്‍ ശശികുമാര്‍ വരികള്‍ എഴുതിയിരിക്കുന്നു. പിന്നണി ഗാനരംഗത്ത് സൗബിന്റെ ആദ്യ അനുഭവമാണിതെങ്കിലും വിനായകന്‍ രണ്ടാംതവണയാണ് ഒരു ഗാനം കമ്പോസ് ചെയ്യുന്തന്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തില്‍ പുഴു പുലികള്‍ എന്ന ് തുടങ്ങുന്ന ഗാനം വിനായകന്‍ ഒരുക്കിയിരുന്നു. ചിത്രത്തിന്റെ ആത്മാവായി ഈ ഗാനം തീരുകയും ചെയ്തു.

സൗബിന്‍, വിനായകന്‍ എന്നിവര്‍ സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നുമുണ്ട്. ഗൗതം വാസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, അര്‍ജ്ജുന്‍ അശോകന്‍, ജിനു ജോസഫ്, ധര്‍മ്മജന്‍, സൃന്ദ, ശ്രീനാഥ് ഭാസി എന്നിവരും സഹതാരങ്ങളായെത്തുന്നു.