Categories
Film News

ട്രാന്‍സ് യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, പുതിയ റിലീസ് തീയ്യതി

ട്രാന്‍സ് റിലീസുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. റിവൈസിംഗ് കമ്മിറ്റിയുടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ റിവൈസിംഗ് കമ്മിറ്റി ചിത്രം കാണുകയും ഒഴിവാക്കലുകള്‍ ഇല്ലാതെ തന്നെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു. ഫെബ്രുവരി 20ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. വാലന്റൈന്‍സ് ഡേയില്‍ റിലീസ് ചെയ്യാനാണ് മുമ്പ് പ്ലാന്‍ ചെയ്തിരുന്നത്.

കന്യാകുമാരി ബേസ്ഡ് മോടിവേഷണല്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസിലെത്തുന്നത്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ വിന്‍സന്റ് വടക്കന്റേതാണ്.
നസ്രിയ നസീം നായികയായെത്തുന്നു. 2014ല്‍ വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണിത്. എസ്തര്‍ ലോപസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. സാധാരണ താരമെത്താറുള്ള ബബ്ലി വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണിത്.

ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷഹീര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ജോജു ജോര്‍ജ്ജ്, ഉണ്ണിമായ, അര്‍ജ്ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അരുഷി മുദ്ഗാള്‍, അശ്വതി മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. പാട്ടുകള്‍ ജാക്‌സണ്‍ വിജയന്‍ ഒരുക്കിയിരിക്കുന്നു. അദ്ദേഹത്തോടൊപ്പം സുശിന്‍ ശ്യാമും ചേര്‍ന്നാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.