Categories
Film News

പാര്‍വ്വതിയുടെ വര്‍ത്തമാനത്തില്‍ ടൊവിനോ തോമസും

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവ ഒരുക്കുന്ന വര്‍ത്തമാനത്തില്‍ പാര്‍വ്വതി പ്രധാനകഥാപാത്രമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ന്യൂഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ആനന്ദം, കൂടെ എന്നീ സിനിമകളില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യു ആണ് സിനിമയില്‍ നായകനാകുന്നത്.

ടൊവിനോ തോമസും ചിത്രത്തില്‍ എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അതിഥിവേഷത്തിലാണ് താരമെത്തുക. പാര്‍വ്വതി, ടൊവിനോ ടീം എന്നു നിന്റെ മൊയ്തീന്‍, ഉയരെ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചിരുന്നു. ടൊവിനോയുടെ വേഷത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുവെന്നത് നല്ല വാര്‍ത്തയാണ്.

സിദ്ദീഖ്, ഡെയ്ന്‍ ഡേവിസ്, നിര്‍മ്മല്‍ പാലാഴി, ഉത്തരേന്ത്യന്‍ താരങ്ങളും ആണ് സിനിമയുടെ ഭാഗമാകുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ ക്യാമറ ചെയ്യുന്ന ചിത്രത്തില്‍ കലാസംവിധാനം ചെയ്യുന്നത് വിനേഷ് ബംഗ്ലാന്‍ ആണ്. ആര്യാടന്‍ ഷൗക്കത്ത്, ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബേനസീറുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് ചിത്രീകരണം.