Categories
Film News

ടൊവിനോ ചിത്രം മിന്നൽമുരളി നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു

​ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. ഹിന്ദി, തെലു​ഗ്, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു. ​ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നു.

മിന്നൽ മുരളി റിലീസ് ഔദ്യോ​ഗിക പ്രഖ്യാപനം ഒരു വീഡിയോ റിലീസ് ചെയ്തുകൊണ്ട് നടത്തി. എന്നാണ് റിലീസ് ചെയ്യുന്നതെന്ന് അറിയിച്ചിട്ടില്ല. ചായ ​ഗ്ലാസും പലഹാരഭരണികളും വച്ചിട്ടുള്ള മേശയിലെ ടിവി മിന്നലിനെ തുടർന്ന് ​ഗ്രെയിൻസ് വരുന്നതും അതിനിടയിലൂടെ മ എന്ന അക്ഷരം പ്രത്യക്ഷപ്പെടുന്നതുമാണ് വീഡിയോയിൽ.

കുഞ്ഞിരാമായണം, ​ഗോദ തുടങ്ങിയ സിനിമകളൊരുക്കിയിട്ടുള്ള സംവിധായകൻ ബേസിൽ ജോസഫ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പുതിയ സിനിമ മിന്നൽ മുരളി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്നു. മിസ്റ്റർ മുരളി – ഹിന്ദി, മെരുപ്പു മുരളി – തെലു​ഗ്, മിഞ്ചു മുരളി – കന്നഡ, മിന്നൽ മുരളി – കന്നഡ, മലയാളം എന്നീ പേരുകളിലാണ് എത്തുന്നത്.

സോഫിയ പോൾ ചിത്രം നിർമ്മിക്കുന്നു. അരുൺ, ജസ്റ്റിൻ എന്നിവരുടേതാണ് കഥ. ഛായാ​ഗ്രഹണം സമീർ താഹിർ. സം​ഗീതമൊരുക്കുന്നത് ഷാൻ റഹ്മാൻ. മനു ജ​ഗത് കലാസംവിധാനമൊരുക്കുന്നു. ടൊവിനോയുടെ സൂപ്പർ ഹീറോ വസ്ത്രങ്ങൾ ഒരുക്കുന്നത് ദീപാലി നൂർ ആണ്, സംഘട്ടനം വ്ലാഡ് റിംബർ​ഗ്.

മിന്നൽ മുരളി മോഷൻ പോസ്റ്റർ കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തിരുന്നു. ടൊവിനോ തോമസ് സൂപ്പർ ഹീറോ വേഷത്തിൽ എത്തുന്നതായിരുന്നു പോസ്റ്റർ. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സിനിമയുടെ ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു.