Categories
Film News

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിന്

നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തില്‍ മലയാളസിനിമാക്കാര്‍ക്ക് ഇപ്പോഴും രണ്ട് മനസ്സാണ്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച സൂഫിയും സുജാതയും ആണ് ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത മലയാളസിനിമ. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പുതിയ ഒരു സിനിമയും കൂടി ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു. ടൊവിനോ തോമസ് നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഹോട്‌സ്റ്റാര്‍+ ഡിസ്‌നി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണറിയുന്നത്.

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് രണ്ട് വര്‍ഷത്തോളമായി അണിയറയിലാണ്. നേരത്തേ തന്നെ റിലീസ് പ്ലാന്‍ ചെയ്ത സിനിമ നിരവധി തവണം വിവിധ കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ഒരു ട്രാവല്‍ ബേസ്ഡ് എന്റര്‍ടെയ്‌നര്‍ സിനിമയാണിത്. 2 പെണ്‍കുട്ടികള്‍ ആണ് സംവിധായകന്റെ മുന്‍ സിനിമ.

ടൊവിനോ സിനിമയുടെ നിര്‍മ്മാണത്തിലും പങ്കാളിയാണ്. സാധാരണ മലയാളിയുവാവായാണ് താരം ചിത്രത്തിലെത്തുന്നത്. വിദേശി താരം ഇന്‍ഡ്യ ജാര്‍വിസ് നായികയായെത്തുന്നു. രണ്ട് പേരും ഇന്ത്യയിലെ വിവിധ ദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതാണ് കഥ.

ഒരു അഡാര്‍ ലവ് ഫെയിം സിനു സിദാര്‍ത്ഥ് ക്യാമറ, റഹ്മാന്‍ മുഹമ്മദ് അലി, പ്രജീഷ് പ്രകാശ് എന്നിവരാണ് എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു. സുശിന്‍ ശ്യാം ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ടൊവിനോ, റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം സിനിമ നിര്‍മ്മിച്ചിരിക്കുന്നു.