ഈ വെള്ളിയാഴ്ച മൂന്നു മലയാളസിനിമകള്‍ തിയേറ്ററുകളിലേക്കെത്തുന്നു. ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിവിന്‍ പോളി നായകനായെത്തുന്ന മൂത്തോന്‍, ബിജു മേനോന്‍ നിമിഷ സജയന്‍ കൂട്ടുകെട്ടിന്റെ നാല്‍പത്തിയൊന്ന്. സുരാജ്, സൗബിന്‍ ചിത്രം ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 5.25 എന്നിവയാണ് സിനിമകള്‍.

മൂത്തോന്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്നു. ഏറെ ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ വിജയകരമായി സ്‌ക്രീനിംഗ് നടത്തിയതിനു പിന്നാലെയാണ് സ്‌ക്രീനിലേക്കെത്തുന്നത്. നിവിന്‍ പോളി, റോഷന്‍ മാത്യു, ശോഭിത ദുലിപാലിയ, ശശാങ്ക് അറോറ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നാല്‍പത്തിയൊന്ന്, സംവിധായകന്‍ ലാല്‍ ജോസിന്റെ ഇരുപത്തഞ്ചാമത്തെ സിനിമ കൂടിയാണ്. ഇതുവരെ റിലീസ് ചെയ്തിട്ടുള്ള ട്രയിലറും പ്രൊമോ കട്ടുകളും നല്ല സൂചനകളാണ് ചിത്രത്തിന് നല്‍കുന്നത്. സംവിധായകന്റെ ശക്തമായ ഒരു തിരിച്ചുവരവ് കൂടിയാവും സിനിമ. പ്രഗീഷ് പിജി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. രണ്ട് വ്യക്തികള്‍, ശക്തമായ മതവിശ്വാസിയും, കമ്മ്യൂണിസ്റ്റ് ഐഡിയോളജിയില്‍ വിശ്വസിക്കുന്ന വ്യക്തിയും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ. ബിജുവിനും നിമിഷയ്ക്കുമൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും സിനിമയിലെത്തുന്നു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 വളരെ രസകരമായ ഒരു സിനിമയായിരിക്കും. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഒരു റോബോട്ട് മുഖ്യവേഷത്തിലെത്തുന്നുവെന്നതാണ് വലിയ പ്രത്യേകത. യന്ത്രവും മനുഷ്യനും തമ്മിലുള്ള ഇന്ററാക്ഷനുകള്‍ മറ്റു ഭാഷകളില്‍ നിരവധി തവണ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ്. സയന്‍സ് ഫിക്ഷന്‍ എലമെന്റുകളുള്ള ഒരു ഫാമിലി ഡ്രാമയാണ് സിനിമ. സൗബിന്‍ ഷഹീര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

Published by eparu

Prajitha, freelance writer