മലയാളി താരം നീരജ് മാധവ് കുറച്ചുനാളായി മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അദ്ദേഹം ചെയ്തത്. ഈ സമയത്ത് താരം ഹിന്ദിയിലും അഭിനയിച്ചു. സെപ്തംബര്‍ 20 മുതല്‍ അദ്ദേഹത്തിന്റെ ആദ്യ വെബ്സീരീസ് ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തു തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ട്രയിലര്‍ റിലീസ് ചെയ്തു.
ദ ഫാമിലി മാന്‍ ഒരു സ്പൈ ത്രില്ലര്‍ ആണ്, ഫാമിലി ആംഗിളും സീരീസിനുണ്ട്. സാധാരണ ഓഫീസില്‍ പോകുന്ന ഒരു ഗവണ്മെന്റ് ഓഫീസറായ അണ്ടര്‍കവര്‍ സ്പൈ ആയി മനോജ് ബാജ്പേയ് എത്തുന്നു. അദ്ദേഹത്തിന്റെ സ്പൈ വര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് പോലും അറിയില്ല. പ്രിയാമണി അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലെത്തുന്നു. ട്രയിലറില്‍ നിന്നും നീരജ് ഒരു തീവ്രവാദിയായാണെത്തുന്നതെന്നാണ് സൂചന.
സംവിധായകര്‍ രാജ് ആന്റ് ഡികെ ആണ് ദ ഫാമിലിമാന് നിര്‍മ്മിക്കുന്നതും ഒരുക്കുന്നതും. ഗോ ഗോവ ഗോണ്, എ ജന്റില്മാന് തുടങ്ങിയ ചിത്രങ്ങള്‍ മുമ്പ് ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സ്ത്രീയുടെ തിരക്കഥയും ഇവരുടേതായിരുന്നു.