എംജിആറിന്റെ ജന്മവാര്ഷികദിനത്തില്, തലൈവി അണിയറക്കാര്‍ അരവിന്ദ് സ്വാമി എംജിആറായെത്തുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. സ്വാമിയ്ക്ക് എംജിആറുമായി വളരെ രൂപസാദൃശ്യമുള്ള ചില പുതിയ സ്റ്റില്ലുകളും പുറത്തിറക്കിയിരിക്കുന്നു.
എഎല്‍ വിജയ് ഒരുക്കുന്ന തലൈവി, അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് ആണ്. ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയായെത്തുന്നു. ബാഹുബലി എഴുത്തുകാരന് കെവി വിജയേന്ദ്രപ്രസാദ്, രജത് അറോറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്യും.
കങ്കണയും അരവിന്ദ് സ്വാമിയും ആദ്യമായാണ് ഒന്നിക്കുന്നത്. എംജിആര്‍ ആണ് ജയലളിതയെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്.
ജയലളിത തെന്നിന്ത്യയിലെ താരോദയമായി തീര്‍ന്നതും ശക്തമായി രാഷ്ട്രീയ നേതൃത്വത്തിലേക്കെത്തിയതുമെല്ലാം സിനിമ പറയുന്നു. വിവിധ ഘട്ടങ്ങളിലായുള്ള കഥയാണ് സിനിമ പറയുന്നത്. എംജിആര്‍, ജയലളിത എന്നിവര്‍ അവരുടെ അഭിനയകാലം മുതല്‍ തന്നെ വളരെ അടുപ്പമുള്ളവരായിരുന്നു. 60- 70 കാലഘട്ടത്തില്‍ 28ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ഇരുവരും.
തലൈവി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. വിശാല്‍ വിട്ടാല്‍ ക്യാമറ ഒരുക്കുന്ന ചിത്രത്തിന് ജികെ പ്രകാശ് സംഗീതം ചെയ്യുന്നു. വിഷ്ണു ഇന്ദുരി, ഷൈലേഷ് ആര് സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ 2020ജൂണ്‍ 26ന് തിയേറ്ററുകളിലേക്കെത്തും.