Categories
Film News

ദുല്‍ഖറിന്റെ അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപിയുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍, അനൂപ് സത്യന്‍ ഒരുക്കുന്ന സിനിമ ചെന്നൈയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദുല്‍ഖറിന്റെ സ്വന്തം ബാനര്‍ വെഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ദുല്‍ഖറും കല്യാണിയും ഇതിനോടകം തന്നെ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ കഴിഞ്ഞ ദിവസം സുരേഷ ഗോപി ചേര്‍ന്നിരുന്നു. പ്രശസ്ത താരം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. നാല് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രമാണിത്. അതുകൊണ്ട് തന്നെ ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ഒരു തിരിച്ചുവരവായിരിക്കും സിനിമ. മുമ്പ് സുരേഷ് ഗോപി മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്.

അനൂപ് സത്യന്‍ തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ്. മുകേഷ് മുരളീധരന്‍, ഉയരെ ഫെയിം ക്യാമറ ചെയ്യുന്നു, സംഗീതം അല്‍ഫോണ്‍സ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡിനോ ശങ്കര്‍, എഡിറ്റര്‍ ടോബി ജോണ്‍, കോസ്റ്റിയൂം ഡിസൈനര്‍ ഉത്തര മേനോന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ്മ എന്നിവരാണ് അണിയറയിലെ മറ്റുള്ളവര്‍.