രാജീവ് രവി ആസിഫ് അലിയെ വച്ച് പുതിയ സിനിമ ഒരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ഒരു ക്രൈം സ്‌റ്റോറിയായിരിക്കും സിനിമയെന്നാണ് വാര്‍ത്തകള്‍. സിബി തോമസ്, യഥാര്‍ത്ഥ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ അരുണ്‍ കുമാര്‍ വിആര്‍ ചിത്രം നിര്‍മ്മിക്കുന്നു. ആസിഫ് അലിയ്‌ക്കൊപ്പം സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇരുതാരങ്ങളും മുമ്പ് മോസയിലെ കുതിരമീനുകള്‍ എന്ന സിനിമയില്‍ ഒരുമിച്ചിട്ടുണ്ട്. സണ്ണി വെയ്ന്‍ രാജീവ് രവിയ്‌ക്കൊപ്പം അന്നയും റസൂലും എന്ന സിനിമയില്‍ ഒന്നിച്ചിരുന്നു. ഒരു ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ സിബി തോമസ് പറഞ്ഞ ഒരു ഇന്‍വസ്റ്റിഗേഷന്‍ സ്റ്റോറി കേള്‍ക്കാനിടയായതിനെ തുടര്‍ന്നാണ് രാജീവ് രവി ഇത്തരമൊരു സിനിമ പ്ലാന്‍ ചെയ്തത്.

കാസര്‍ഗോഡ് നടന്ന ഒരു ആസൂത്രിത ജ്വല്ലറി കവര്‍ച്ചയാണ് കഥ. സിബി തോമസ് അന്വേഷണസംഘത്തിലുണ്ടായിരുന്നു. പോലീസ് ഓഫീസറായി ആസിഫ് അലി ചിത്രത്തിലെത്തും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു സിബി.
രാജീവ് രവി നിലവില്‍ തുറമുഖം എന്ന സിനിമ, നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത് സുകുമാരന്‍, ബിജു മേനോന്‍ , പൂര്‍ണ്ണിമ ഇന്ദ്രജിത്, അര്‍ജ്ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുകയാണ്.

Published by eparu

Prajitha, freelance writer