സുരാജ് വെഞ്ഞാറമൂടും സൗബിന് ഷഹീറും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. വികൃതി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാന രണ്ട് താരങ്ങളും പോസ്റ്ററിലെത്തുന്നു.
എംസി ജോസഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. വികൃതി സിനിമാറ്റോഗ്രാഫി ചെയ്യുന്നത് ആനി, സംഗീതം ബിജിബാലും, എഡിറ്റിംഗ് അയൂബ് ഖാനും ചെയ്യുന്നു. സെഞ്ച്വറി ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സിനിമയുടെ മറ്റുവിവരങ്ങള്‍ , ഷൂട്ടിംഗ്, സഹതാരങ്ങള്‍ ഒന്നും ലഭ്യമല്ല. ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന് കൈനിറയെ പ്രൊജക്ടുകളുമായി തിരക്കിലാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ചിത്രീകരണത്തിലാണ് താരമിപ്പോള്‍. കഴിഞ്ഞ മാസം സന്തോഷ് ശിവന് ഒരുക്കുന്ന് ജാക്ക് ആന്റ് ജില് ചിത്രീകരണം പൂര്‍ത്തിയാക്കി. അമ്പിളി, ഗപ്പി ഫെയിം ജോണ്‍ പോള്‍ ജോര്‍ജ്ജിനൊപ്പം, ജിന്ന് സിദ്ധാര്‍ത്ഥ് ഭരതന് സിനിമ, ജൂതന് ഭദ്രന് സിനിമ എന്നിവയും ആഷിഖ് അബുവിന്റെ പേരിട്ടിട്ടില്ലാത്ത സിനിമയും താരത്തിന്റെതായുണ്ട്.
സുരാജ് വെഞ്ഞാറമൂടും നിരവധി ചിത്രങ്ങളുടെ ഭാഗമാകുന്നു. ഫൈനല്‍സ്, രജിഷ വിജയന് നായികയാകുന്ന സിനിമയില്‍ പ്രധാനകഥാപാത്രമായി താരമെത്തുന്നു.