Categories
Film News

സൗബിന്‍ ഷഹീര്‍- അമല്‍ നീരദ്, ആഷിഖ് അബു എന്നിവര്‍ക്കൊപ്പമെത്തും

കഴിഞ്ഞ കുറച്ചുനാളുകളായി സൗബിന്‍ ഷഹീര്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്. ഈ വര്‍ഷം താരത്തിന്റെ നാല് സിനിമകള്‍ ഇതുവരെ റിലീസ് ചെയ്തു. കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നിവ. അടുത്ത വര്‍ഷത്തേക്കും പ്രൊജക്ടുകള്‍ തയ്യാറെടുക്കുന്നു. അടുത്തിടെ താരം ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു, അമല്‍ നീരദ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയില്‍ താരമെത്തുമെന്ന് അറിയിച്ചിരിക്കുന്നു.


ആഷിഖ് അബുവിനൊപ്പം സൗബിന്‍ ഒരു ഫാന്റസി സബ്ജക്ടുമായി എത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു ഗന്ധര്‍വ്വന്റെ കഥയാണ് പറയുന്നത്. സൗബിന്‍ ചിത്രത്തില്‍ ഗന്ധര്‍വ്വനായാണെത്തുന്നത്.


പ്രശസ്ത സിനിമാസംവിധായകന്‍ പത്മരാജന്റെ സംവിധാനത്തില്‍ 1991ല്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന പേരില്‍ ഗന്ധര്‍വ്വന്റെ ഫാന്റസി കഥ സിനിമയായെത്തിയിരുന്നു. ഒരു പെണ്‍കുട്ടിയും മറ്റാര്‍ക്കും കാണാനാകാത്ത അവളുടെ ഗന്ധര്‍വ്വകാമുകനുമായിരുന്നു സിനിമ.
ആഷിഖ്, ഉണ്ണി ആര്‍ ടീം പതിവ് സങ്കല്പങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്തിയാണ് കഥ ഒരുക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികപ്രഖ്യാപനത്തോടൊപ്പമായിരിക്കും വരിക.

സൗബിന്‍ അമല്‍ നീരദിനൊപ്പം പുതിയ സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. സംവിധായകന്റെ ബിലാല്‍ എന്ന സിനിമയ്ക്ക് ശേഷം മാത്രമായിരിക്കും ചിത്രീകരണം തുടങ്ങുക.