Categories
Film News

ഷെയ്ന്‍ നിഗവും പുതുമുഖതാരം പവിത്ര ലക്ഷ്മിയും റൊമാന്റിക് കോമഡി ചിത്രത്തില്‍ ഒന്നിക്കുന്നു

കുമ്പളങ്ങി നൈറ്റ്‌സിന്റെ വന്‍ വിജയത്തോടെ മുന്‍നിരതാരമായിരിക്കുകയാണ് ഷെയ്ന്‍. കുമ്പളങ്ങിയിലെ ബോബി എന്ന ലീഡ് കഥാപാത്രത്തിന് എല്ലാ കോണുകളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. നടന്റെ ഒരുപിടി നല്ല സിനിമകള്‍ ഇറങ്ങാനിരിക്കുന്നു.

ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഊട്ടിയിലാണ് ഷെയ്ന്‍ ഇപ്പോഴുള്ളത്. രഞ്ജിത് ശങ്കര്‍, ദീപു കരുണാകരന്‍, ജീത്തു ജോസഫ് എന്നിവരുടെ മുന്‍ അസോസിയേറ്റായിരുന്നു സംവിധായകന്‍. റൊമാന്റിക് കോമഡിയായിട്ടുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ്.

പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായികയായെത്തുന്നത്. അജു വര്‍ഗ്ഗീസ്, ദീപക് പാറമ്പോള്‍, ബേസില്‍ ജോസഫ്, അപ്പുക്കുട്ടി, ഇന്ദ്രന്‍സ്, നയന, പാര്‍വ്വതി എന്നിവരാണ് സിനിമയിലുള്ള മറ്റുള്ളവര്‍. ടെക്‌നികല്‍ വിഭാഗത്തില്‍ സ്വരൂപ് ഫിലിപ്പ് ക്യാമറയും ഷാന്‍ റഹ്മാന്‍ മ്യൂസികും ചെയ്യുന്നു. ജോണ്‍കുട്ടി എഡിറ്റിംഗും ചെയ്യുന്നു.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഊട്ടി, മൂന്നാര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.