Categories
Film News

രണ്ട് ദശകങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

മലയാളം സിനിമയില്‍ ഇന്നും സജീവമായ സീനിയര്‍ സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. സിനിമയും സിനിമാലോകവും ഒരുപാടു മാറിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇന്നും വളരെയധികം ആരാധകരുള്ള സംവിധായകന്‍ കൂടിയാണിദ്ദേഹം.അദ്ദേഹത്തിന്റെ അവസാനറിലീസ് ഞാന്‍ പ്രകാശന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. 2018ല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍.

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ,ജയറാം എന്നിവരെ വച്ചാണ് അധികം സിനിമയും ചെയ്തിട്ടുള്ളത്. മമ്മൂക്കയ്‌ക്കൊപ്പം വളരെ കുറച്ച് ചിത്രങ്ങളേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം തുടങ്ങിയവ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്, മമ്മൂട്ടി അദ്ദേഹത്തിന്റെ വളരെയടുത്ത സുഹൃത്താണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ഉടന്‍ ചെയ്യാന്‍ ആലോചിക്കുന്നുവെന്നാണ്. കാര്യങ്ങള്‍ ശരിയായി വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ ചിത്രം സംഭവിക്കും.

സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ അവസാനമായി സംവിധാനം ചെയ്തത് 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമയിലാണ്. വീണ്ടും അവരൊരുമിക്കുമ്പോള്‍ എന്തായിരിക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. മമ്മൂട്ടി നിലവില്‍ വൈശാഖ് ചിത്രം മധുരരാജയുടെ ചിത്രീകരണത്തിലാണ്. കൂടാതെ ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, മാമാങ്കം, അമീര്‍,ഗാനഗന്ധര്‍വന്‍ എന്നീ ചിത്രങ്ങളുമുണ്ട്.മമ്മൂക്കയുടെ തമിഴ് ചിത്രം പേരന്‍പ് ഏറെ പ്രശംസകള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. കൂടാതെ തെലുഗ് ചിത്രം യാത്ര പ്രദര്‍ശനത്തിനൊരുങ്ങുന്നു.