അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിജു മേനോന് നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന് ദിലീപ് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഇറക്കിയത്. ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് വിന്നര്‍ സജീവ് പാഴൂര്‍ ആണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
ബിജു മേനോന് കല്പണിക്കാരനായെത്തുന്ന കുടുംബ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. സംവൃത സുനില്‍ വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം തിരിച്ചുവരികയാണ് സിനിമയിലൂടെ. ബിജു മേനോന്റെ ഭാര്യയായാണ് താരം സിനിമയില്‍. അലന്‍സിയര്‍ ലോപസ്, സുധി കൊപ്പ, ധര്മ്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
സിനിമാറ്റോഗ്രാഫര്‍ ഷെഹ്നാദ് ജലാല്‍, പ്രശസ്ത എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്മാന്, ബിജിപാല്‍ (പശ്ചാത്തല സംഗീതം) എന്നിവരാണ് അണിയറയിലുള്ളത്. രമ ദേവി ഗ്രീന്‍ ടിവി എന്റര്ടെയ്നര് , സന്ദീപ് സേനന്, അനീഷ എം തോമസ് ഉര്‍വശി പിക്ചേഴ്സ് എന്നിവരുമായി ചേര്‍ന്ന സിനിമ നിര്‍മ്മിക്കുന്നു.