Categories
Film News

മമ്മൂട്ടിയുടെ ഷൈലോക് സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി സൂര്യ ടിവി

മമ്മൂട്ടി ഇപ്പോള്‍ ഷൈലോക് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അജയ് വാസുദേവ് ഒരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാവുന്നതിനു മുമ്പെ തന്നെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഷൈലോക്. എത്ര തുകയ്ക്കാണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും നല്ല വലിയ തുകയ്ക്കായിരിക്കും സാറ്റലൈറ്റ് വിറ്റിരിക്കുക എന്നാണ് അറിയുന്നത്.

നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഷൈലോക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫിനാന്‍ഷ്യര്‍ ആയി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡിലുള്ളതാണ്. പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുകയാണ് ഈ സിനിമയിലൂടെ. മീന ആണ് ചിത്രത്തിലെ നായികയാകുന്നത്. അവര്‍ രാജ്കിരണിന്റെ ജോഡിയായാണെത്തുന്നത്.

ഷൈലോക് തമിഴിലും മലയാളത്തിലുമായാണ് ഒരുക്കുന്നത്. ഇതിന്റെ അണിയറയിലുള്ളത്, സിനിമാറ്റോഗ്രാഫര്‍ രണദീവ്, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍, ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന്‍ എന്നിവരാണ്. പ്ലാന്‍ പ്രകാരം എല്ലാം നടക്കുകയാണെങ്കില്‍ ഡിസംബറില്‍ ക്രിസ്തുമസ് ചിത്രമായി ഷൈലോക് തിയേറ്ററുകളിലേക്കെത്തും.