Categories
Film News

ബാറോസ്: മോഹൻലാൽ സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നത് സന്തോഷ് ശിവൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബാറോസ് ഈ വർഷം ആദ്യം ചിത്രീകരണം തുടങ്ങാനിരുന്നതാണ്, എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അണിയറക്കാർ നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. ജിജു പുന്നൂസ് തിരക്കഥ ഒരുക്കുന്ന വളരെ പ്രതീക്ഷകളുള്ള സിനിമയാണിത്.

ഡിഒപി ആയി സന്തോഷ് ശിവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അണിയറക്കാർ. കെയു മോഹനൻ ചിത്രത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിന് മറ്റു തിരക്കുകൾ കാരണം സിനിമയിൽ നിന്നും ഒഴിവാകുകയായിരുന്നു. നിരവധി ബിഗ് സ്കെയിൽ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ആളാണ് സന്തോഷ് ശിവൻ.

ബാറോസ് 3ഡി ഫോർമാറ്റിലാണ് ഒരുക്കുന്നത്. വാസ്കോഡ ഗാമയുടെ നിധികളുടെ കാവൽക്കാരനായിരുന്ന മിത്തിക്കൽ കഥാപാത്രമാണ് ബാറോസ്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന സിനിമയിൽ സഹതാരങ്ങളായി യുഎസ്, സ്പെയിൻ, പോർച്ചുഗൽ, ഘാന എന്നിവിടങ്ങളിൽ നിന്നുമുള്ള താരങ്ങളെത്തുന്നു. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ മോഹൻലാലിനൊപ്പമെത്തുന്ന മലയാളി താരം പ്രതാപ് പോത്തൻ ആണ്.

ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.