Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ സംയുക്ത മേനോനും

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന കടുവ ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേർന്ന് നിർമ്മിക്കുന്നു. പേരുകേട്ട താരങ്ങൾ അണിനിരക്കുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും സിനിമ. സംയുക്ത മേനോൻ ചിത്രത്തിൽ നായികയായെത്തുന്നു. പൃഥ്വിരാജിന്റെ ജോഡിയായാണോ താരമെത്തുകയെന്നറിയിച്ചിട്ടില്ല. ആദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരുമിച്ചെത്തുന്നത്. ആണുംപെണ്ണും എന്ന ആന്തോളജി സിനിമയിലാണ് സംയുക്ത അവസാനമെത്തിയത്.

കടുവാക്കുന്നേൽ കറിയാച്ചൻ എന്ന കഥാപാത്രമായാണ് കടുവയിൽ പൃഥ്വിയെത്തുന്നത്. അണിയറക്കാർ അടുത്തിടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. വെള്ള കുർത്തയും താടിയുമുള്ള അച്ചായൻ ലുക്ക്.

ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രധാന വേഷത്തിൽ കടുവയിലെത്തുന്നുണ്ട്. സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​​ഗീസ്, രാഹുൽ മാധവ്, വിജയരാഘവൻ, സംയുക്ത മേനോൻ, സീമ, കൊച്ചു പ്രേമൻ, പ്രിയങ്ക എന്നിവർ സിനിമയിലെത്തുന്നു. അടുത്തിടെ കല്യാണചടങ്ങിനിടെയുള്ള നൃത്തത്തിലൂടെ വൈറലായ കൊച്ചുതാരം വൃദ്ധി വിശാൽ സിനിമയിൽ പൃഥ്വിരാജിന്റെ മകളായെത്തുന്നു.