Categories
Film News

റാംബോ താരം പാസ് വേഗ മോഹന്‍ലാല്‍ ചിത്രം ബാറോസില്‍

ചിത്രീകരണം തുടങ്ങും മുമ്പെ തന്നെ മോഹന്‍ലാല്‍ ചിത്രം ബാറോസ് വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബാറോസ് ഗ്രാന്റ് സ്‌കെയിലില്‍ ഒരുക്കുന്ന ഫാന്റസി സിനിമയാണിത്. സ്പാനിഷ് താരം റാഫേല്‍ അമാര്‍ഗോ, പാസ് വേഗ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. പാസ് വേഗ അവാര്‍ഡ് ജേതാവാണ്, സ്പാംഗ്ലിഷ്, 10 ഐറ്റംസ് ഓര്‍ ലെസ്, ആള്‍ റോഡ്‌സ് ലീഡ് ടു റോം എന്നീ സിനിമകളിലൂടെ പ്രശസ്തയാണ് താരം. വരാനിരിക്കുന്ന റാംബോ: ലാസ്റ്റ് ബ്ലഡ് എന്ന ചിത്രത്തിലും താരമെത്തുന്നു.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ പ്രശസ്ത സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബാറോസ് എഴുതിയിരിക്കുന്നത്. ബാറോസ് എന്നത്, മിത്തിക്കല്‍ കഥാപാത്രമാണ്. വാസ്‌കോഡ ഗാമയുടെ വിലപിടിപ്പുള്ള നിധി 400വര്‍ഷത്തോളം കാവല്‍ക്കാരനായിരുന്ന ആളാണ് ബാറോസ്. മോഹന്‍ലാലിന്റെ തന്നെ വാക്കുകളില്‍, പോര്‍ച്ചുഗല്‍, ഇന്ത്യ, സ്‌പെയിന്‍, ആഫ്രിക്ക എന്നിവിടങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

സിനിമ സംവിധാനം ചെയ്യുന്നതിന് പുറമെ മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രം ബാറോസിനെ അവതരിപ്പിക്കുന്നത്. റാഫേല്‍ അമാര്‍ഗോ വാസ്‌കോഡ ഗാമയായെത്തുന്നു. ഗ്ലോബല്‍ സ്‌റ്റോറിയായതുകൊണ്ട് തന്നെ നിരവധി വിദേശിതാരങ്ങളും സിനിമയുടെ ഭാഗമാകുമെന്ന് കരുതുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കെയു മോഹനന്‍ സിനിമാറ്റോഗ്രാഫിയും ലിഡിയന്‍ നാദസ്വരം സംഗീതമൊരുക്കുന്നു. ഗോവ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും ചില വിദേശ ലൊക്കേഷനുകളിലും സിനിമ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുള്ള ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനിരിക്കുകയാണ്. മലയാളം കൂടാതെ, ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും സിനിമ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.