കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ താരം പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെ കടുവ എന്ന ചിത്രത്തില്‍ എത്തുന്നുവെന്ന് അറിയിച്ചിരുന്നു. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്നു. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് തിരക്കഥകളും ആദം ജോണ്‍ എന്ന സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. താരത്തിന്റെ സ്വന്തം ബാനറായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. അതോടൊപ്പം ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോകുന്ന കാര്യവും അറിയിച്ചിട്ടുണ്ട്.
അടുത്തിടെ, കടുവ തിരക്കഥാക്കൃത്ത് ജിനു എബ്രഹാം തന്റെ തിരക്കഥയും സുരേഷ് ഗോപിയുടെ 250ാമത് സിനിമയും തമ്മില്‍ സാമ്യമുണ്ടെന്നറിയിച്ച് കോടതിയെ സമീപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മുന്‍ അസോസിയേറ്റ് കൂടിയായിരുന്ന മാത്യു തോമസ് ആണ് സുരേഷ് ഗോപി സിനിമ ഒരുക്കുന്നത്. കടുവാക്കുന്നേല്‍ കുറുവാച്ചന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി സിനിമയില്‍ അവതരിപ്പിക്കുന്നത്. രണ്ട് സിനിമകളുടേയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും സാമ്യമുള്ളതായിരുന്നു. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗിനും പ്രൊമോഷന് പരിപാടികളും സ്റ്റേ ചെയ്തിരിക്കുകയാണ് കേരള ഹൈക്കോടതി.
സൗത്ത് ഇന്ത്യയില്‍ നിന്നുമുള്ള മറ്റൊരു താരവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എന്നാല്‍ ആരാണെന്ന് പുറത്തുവിട്ടിട്ടില്ല. അണിയറയിലുള്ളത് പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്, കലാസംവിധായകന്‍ മോഹന്‍ദാസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ്. പ്രശസ്ത സൗത്ത് ഇന്ത്യന്‍ കമ്പോസര്‍ എസ് തമന് മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ.