Categories
Film News

പൃഥ്വിരാജ് പതിനെട്ടാംപടി ടീമിനൊപ്പം ചേരുന്നു

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനസംരംഭമാണ് പതിനെട്ടാം പടി. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. സിനിമയില്‍ ക്യാമിയോ റോളില്‍ ആണ് പൃഥ്വി എത്തുന്നത്. അടുത്ത ആഴ്ച പൃഥ്വി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയിലാണ് പൃഥ്വിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

14 ജില്ലകളില്‍ നിന്നുമുള്ള ടീനേജ് താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. മമ്മൂട്ടി സിനിമയില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ മമ്മൂക്കയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നേരത്തേ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി.

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ കൂടാതെ ടൊവിനോ തോമസ്, ആര്യ എന്നിവരും അതിഥിതാരങ്ങളാകുന്നുണ്ട്. ടൊവിനോ ഉടന്‍ തന്നെ തന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാനിരിക്കുകയാണ്.ആര്യയുടെ ഭാഗങ്ങള്‍ മണാലിയിലാണ് ചിത്രീകരിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം, മാല പാര്‍വ്വതി എന്നിവരും സിനിമയിലുണ്ട്. ടെക്‌നികല്‍ വിഭാഗത്തില്‍ പുതുമുഖങ്ങള്‍ തന്നെയാണ്. സുദീപ് എളമന്‍ സിനിമാറ്റോഗ്രാഫിയും മ്യൂസിക് കെ എച്ച് കാഷിഫും ആണ്. ഭുവന്‍ ശ്രീനിവാസ് ആണ് എഡിറ്റര്‍. ആഗസ്റ്റ് സിനിമാ ആണ് സിനിമ നിര്‍മ്മിക്കുന്നത്.