Categories
Film News

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രം 41 സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ നിലവിലെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഫണ്‍ സറ്റയര്‍ സിനിമയാണ്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സെറ്റില്‍ ചിത്രത്തിന്റെ വിജയം ചെറിയ രീതിയില്‍ ആഘോഷിച്ചിരുന്നു. പൃഥ്വിരാജ്- ബിജു മേനോന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയാണ് അയ്യപ്പനും കോശിയും.

കേക്ക് കട്ടിംഗിനു ശേഷം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ ഫോളവേഴ്‌സിനോടായി അറിയിച്ചതാണ് ലാല്‍ ജോസ് ചിത്രത്തിലെത്തുന്നുവെന്ന്. അടുത്ത വര്‍ഷമായിരിക്കും ഇരുവരുടേയും ചിത്രം ചെയ്യുന്നത്. ഇരുവരുടേയും മൂന്നാമത്തെ ചിത്രമായിരിക്കുമത്. ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനുംതമ്മില്‍ എന്നിവയായിരുന്നു മുന്‍ സിനിമകള്‍. പ്രഗീഷ് പിജി തിരക്കഥ ഒരുക്കും. 41 എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്ക് എത്തിയ ജേര്‍ണലിസ്റ്റ് ആണ് പ്രഗീഷ്.

പൃഥ്വിയുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്നത് ഡ്രൈവിംഗ് ലൈസന്‍സ് ആണ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്തുമസിനെത്തും.