പൃഥ്വിരാജും, ഇന്ദ്രജിത്തും ഇര്‍ഷാദ് പരാരിയുടെ പുതിയ സിനിമയില്‍ ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയല്‍വാസി എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാനറിന്റെ മൂന്നാമത്തെ നിര്‍മ്മാണസംരംഭമാണിത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ 9 ആയിരുന്നു ആദ്യസിനിമ. ഡ്രൈവിംഗ് ലൈസന്‍സ് ആണ് രണ്ടാമത്തെ സിനിമ.
ദ ക്യൂവിന് നല്കിയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കെഎല്‍ 10 സംവിധായകനും, സുഡാനി ഫ്രം നൈജീരിയ, വൈറസ് എന്നീ സിനിമകളുടെ സഹഎഴുത്തുകാരനുമായ മുഹ്സിന് പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ്. പൃഥ്വിരാജിനെ അദ്ദേഹത്തിന്റെ സിനിമ ലൂസിഫറില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട് ഇര്‍ഷാദ്. ലൂസിഫറിലായിരുന്നു പൃഥ്വിയും ഇന്ദ്രജിതും അവസാനം ഒന്നിച്ചത്.
അതേ സമയം പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസന്‍സ് റിലീസ് കാത്തിരിക്കുകയാണ്.
ആടുജീവിതം എന്ന സിനിമയ്ക്കായി മൂന്നുമാസത്തെ ഇടവേള എടുത്തിരിക്കുകയാണ് താരമിപ്പോള്‍. ഇന്ദ്രജിത് കഴിഞ്ഞ ആഴ്ച താക്കോല്‍ റിലീസ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ വെബ്സീരീസ് ക്വീന്‍ ഡിസംബര്‍ 14ന് സ്ട്രീം ചെയ്തു തുടങ്ങുകയാണ്.