2015ല്‍ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച സിനിമയാണ് അനാര്‍ക്കലി. സച്ചി എന്ന സംവിധായകന്റെ ആദ്യസംവിധാനസംരംഭമായിരുന്നു സിനിമ. അനാര്‍ക്കലി ടീം അയ്യപ്പനും കോശിയും എന്ന പുതിയ സിനിമയുമായെത്തുകയാണ്. സിനിമയുടെ ഔദ്യോഗിക ലോഞ്ചിംഗ്് പൂജ ചടങ്ങുകളോടെ നടന്നിരിക്കുകയാണ്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സച്ചി, രഞ്ജിത്, ഷാജു ശ്രീധര്‍, എന്നിവരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

പൃഥ്വിരാജും ബിജു മേനോനും അവരുടെ പ്രൊജക്ടുകളുടെ തിരക്കുകളിലാണിപ്പോള്‍. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാനത്ത്ിലേക്ക് കടന്നിരിക്കുകയാണ് പൃഥ്വി. ബ്ലെസിയുടെ ആടുജീവിതം, കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ എന്നിവയാണ് മറ്റു സിനിമകള്‍.

ബിജു മേനോന്‍ ലാല്‍ജോസ് ഒരുക്കുന്ന നാല്‍പത്തിയൊന്ന് ചിത്രീകരണത്തിലാണ്. അടുത്ത റിലീസ് സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഒരു വടക്കന്‍ സെല്‍ഫി ഫെയിം പ്രജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ജിബു ജേക്കബിന്റെ ആദ്യരാത്രിയാണ് മറ്റൊരു സിനിമ.

Published by eparu

Prajitha, freelance writer