മണിരത്നം സംവിധാനം ചെയ്യുന്ന ഡ്രീം പ്രൊജക്ട് പൊന്നിയിന്‍ സെല്‍വനിലേക്ക് നടന് പ്രകാശ് രാജ് എത്തുന്നു. പ്രകാശ് രാജ് ട്വിറ്ററിലൂടെ താന്‍ ഷൂട്ടിംഗ് ആരംഭിച്ച കാര്യം അറിയിച്ചു. മണിരത്നത്തിനൊപ്പം 25വര്‍ഷമായുള്ള യാത്ര.
പ്രകാശ് രാജ്, മണിരത്നം കൂട്ടുകെട്ട് ആരംഭിക്കുന്നത് 1997ല്‍ തമിഴ് പൊളിറ്റിക്കല്‍ ഡ്രാമ ഇരുവറിലൂടെയാണ്. പൊന്നിയില്‍ സെല്‍വനിലേക്ക് പുതിയതായി എത്തുകയാണ് ഇദ്ദേഹം. ചിത്രത്തില്‍ ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, അശ്വിന് കാകുമാണു, ഐശ്വര്യ ലക്ഷ്മി ,മോഹന്‍ ബാബു എന്നിവരുമുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പൊന്നിയില്‍ സെല്വന് ചിത്രീകരണം ഹൈദരാബാദില്‍ പുനരാരംഭിച്ചത്. മുഴുവന്‍ താരങ്ങളും അണിയറക്കാരും കോവിഡ് ടെസ്റ്റിന് വിധേയരായി അസുഖബാധിതരല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
2019ല്‍ തായ്ലന്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 90ദിവസത്തെ ആദ്യഷെഡ്യൂള്‍ അവിടെ പൂര്‍ത്തിയാക്കി. കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ ആദ്യഷെഡ്യൂളിന്റെ ഭാഗമായി.
സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്തു. ഏആര്‍ റഹ്മാന് സംഗീതമൊരുക്കുന്നു, രവി വര്മ്മന് സിനിമാറ്റോഗ്രാഫിയും. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈന്‍. ജയ്മോഹന്‍ ഡയലോഗുകള്‍ എഴുതുന്നു.
മണിരത്നം, ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ശിവ അനന്ത് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.