Categories
Film News

പൊന്നിയിന്‍ ശെല്‍വം രണ്ട് ഭാഗങ്ങളായി ഒരുക്കും : മണിരത്‌നം

ഇന്ത്യന്‍ സിനിമയില്‍ ഏവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് മണിരത്‌നം സിനിമ പൊന്നിയിന്‍ ശെല്‍വം. വിവിധ ഭാഷകളില്‍ നിന്നായി നിരവധി താരങ്ങള്‍ അണിനിരക്കുന്ന സിനിമ തമിഴ് ചരിത്ര നോവല്‍, കല്‍കി കൃഷ്ണമൂര്‍ത്തി എഴുതിയതിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ എന്ന, രാജ രാജ ചോളന്‍ ഒന്നാമന്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ചോള രാജാവിന്റെ കഥയാണ് നോവല്‍ പറയുന്നത്.

സംവിധായകന്‍ മണിരത്‌നം അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ഇന്ററാക്ഷനില്‍ അറിയിച്ചത് ചിത്രം രണ്ട് ഭാഗങ്ങളിലായി ഒരുക്കുമെന്നാണ്. ശിവ ആനന്ദ്, കുമാരവേല്‍ എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജയമോഹന്‍ ആണ് സംഭാഷണങ്ങള്‍. മണിരത്‌നത്തിന്റെ സ്വന്തം ബാനറായ മദ്രാസ് ടാക്കീസ് ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ ഒരുക്കുന്നു.

പൊന്നിയിന്‍ ശെല്‍വത്തിന്റെ ഭാഗമായി എത്തുന്നവരില്‍ പ്രമുഖതാരങ്ങളായ ഐശ്വര്യ റായ് ബച്ചന്‍, വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്, ജയറാം, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍,കാകുമാണു എന്നിവരുള്‍പ്പെടുന്നു.

കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ ആദ്യഭാഗചിത്രീകരണത്തില്‍ എത്തിയിരുന്നു. ഡിഒപി രവി വര്‍മ്മന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കമ്പോസര്‍ എആര്‍ റഹ്മാന്‍ എന്നിവരാണ് അണിയറയിലുള്ളത്.