Categories
Film News

മമ്മൂട്ടിയുടെ മാമാങ്കം ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസിന്

മമ്മൂട്ടി ചിത്രം മാമാങ്കം മലയാളസിനിമാചരിത്രത്തിലെ വലിയ സിനിമകളിലൊന്നാണെന്ന് കാര്യം തര്‍ക്കമില്ലാത്തതാണ്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ താരങ്ങളേയും അണിയറക്കാരേയും നിര്‍മ്മാണ രീതിയിലുമെല്ലാം ഏറെ മികച്ചുനില്‍ക്കുന്നു. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ നവംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുകയാണ്.

റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ അണിയറക്കാര്‍ ചിത്രത്തിന്റെ ബിസിനസ് ഡീലുകള്‍ പൂര്‍ണ്ണമാക്കികൊണ്ടിരിക്കുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസ് കോ എല്‍എല്‍സി സ്വന്തമാക്കി. മലയാളത്തിന് പുറമെ ചിത്രം തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും ഇറങ്ങുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധ സിനിമ ആണെന്നതിനാല്‍ തന്നെ മലയാളികളല്ലാത്ത പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ.

മാമാങ്കം 80ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങളാണ് പറയുന്നത്. സജീവ് പിള്ള, 12വര്‍ഷത്തോളം ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമ മാമാങ്കം എന്ന ഉത്സവത്തെ അടിസ്ഥാനമാക്കിയുളളതാണ്. 12 വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായയില്‍ വച്ച് നടന്നിരുന്ന ഉത്സവം. 280വര്‍ഷത്തോളം ഉത്സവം നടന്നിരുന്നു എന്ന് ചരിത്രം.

മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, പ്രാച്ചി ടെഹ്ലാന്‍, സുദേവ് നായര്‍, കനിഹ, അനു സിതാര, ഇനിയ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.