എഴുത്തുകാരനും നടനുമായ ശങ്കര്‍ രാമകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 5ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസ് തീയ്യതിക്കൊപ്പം അണിയറക്കാര്‍ സിനിമയുടെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിരിക്കുന്നു.
ഒരു കൂട്ടം താരങ്ങളുടെ സാന്നിധ്യം സിനിമയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും സിനിമയുടെ കഥയെ നയിക്കുന്ന അതിഥി താരമായി മമ്മൂട്ടിയെത്തുന്നുണ്ട്. കൂടാതെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് എന്നിവരും അതിഥിതാരങ്ങളായെത്തുന്നു.
രണ്ട് വ്യത്യസ്ത സ്കൂളുകളിലെ ഒരു കൂട്ടം ടീനേജുകാരുടെ പോരാട്ടത്തെ സംബന്ധിച്ചുള്ളതാണ് സിനിമ. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി തികച്ചും പുതുമയുള്ള ലുക്കിലാണ് സിനിമയിലെത്തുന്നത്.
പ്രിയ ആനന്ദ്, മനോജ് കെ ജയന്, അഹാന കൃഷ്ണ, മണിയന്‍പിള്ളരാജു, മാല പാര്‍വ്വതി, ബിജു സോപാനം, സുരാജ് വെഞ്ഞാറമൂട്, എന്നിവരും സഹതാരങ്ങളായെത്തുന്നു. ഷാജി നടേശന് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.