ഛായാഗ്രാഹകനും സംവിധായകനുമായ വേണു പുതിയ സിനിമ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ. സംവിധായകന് ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവരോടൊപ്പം ഒരുക്കുന്ന ആന്തോളജി സിനിമയാണിത്. പാര്‍വ്വതി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ടീമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു.
ആന്തോളജിയിലെ നാല് സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നതാണ് കോമണ്‍ തീം. വേണുവിന്റെ ഭാഗം സാഹിത്യഅക്കാഡമി ജേതാവായ എഴുത്തുകാരന് ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മ ആസ്പദമാക്കിയുള്ളതാണ.് വേണു തന്നെയാണ് രാച്ചിയമ്മ ആധാരമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1969ലാണ് കഥ എഴുതിയിരിക്കുന്നത്.
ജെകെ, ആഷിഖ് അബു എന്നിവര്‍ സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയാക്കിയിരിക്കുന്നു. രാജീവ് രവി തന്റെ പുതിയ സിനിമ തുറമുഖം പൂര്‍ത്തിയാക്കിയ ശേഷമാവും ആന്തോളജിയിലേക്ക് കടക്കുക. ജെകെ ചിത്രത്തില്‍ സംയുക്തമേനോന്‍, ജോജു ജോര്‍ജ്ജ് എന്നിവരും റോഷന് മാത്യു,ദര്‍ശന രാജേന്ദ്രന് എന്നിവര്‍ ആഷിഖ് അബു ചിത്രം പെണ്ണും ചെറുക്കനും എന്ന സിനിമയിലുമെത്തുന്നു.