പുതിയ റൊമാന്റിക് സിനിമയ്ക്കായി ഒമര്‍ ലുലുവും മൈ സ്റ്റോരി ഡയറക്ടര്‍ റോഷ്നി ദിനകറും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ കഥ റോഷ്നി സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ഒമര്‍ ലുലു എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഒമര്‍ ലുലു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ മുന്ചിത്രങ്ങള്പോലെ തന്നെ പുതിയ സിനിമയിലും ഒരു കൂട്ടം പുതുമുഖങ്ങളായിരിക്കുമെന്നാണ് അറിയുന്നത്.
റോഷ്നി ദിനകര്‍ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ്-പാര്‍വ്വതി സിനിമ മൈ സ്റ്റോറി ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്കെത്തിയത്. സിനിമ നിരൂപകരേയും സാധാരണ പ്രേക്ഷകരേയും ഒരേ പോലെ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ തന്റെ തെറ്റുകള്‍ തിരുത്തി ഇത്തവണ നല്ല ഒരു എന്റര്ടെയ്നര് സമ്മാനിക്കുകയാണ് സംവിധായികയുടെ ലക്ഷ്യം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് സിനിമ പറയുന്നതെന്നാണ് അറിയുന്നത്.
സംഗീതത്തിന് വളരെ പ്രാധാന്യമുള്ള സിനിമയ്ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതമൊരുക്കുന്നത്. ടെക്നികല്‍ ക്ര്യൂവില്‍ വിനോദ് പെരുമാള്‍ സിനിമാറ്റോഗ്രാഫര്‍, എഡിറ്റര്‍ ദിലീപ് ഡെന്നീസ്, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി എന്നിവരാണുള്ളത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.