Categories
Film News

മലയാള സിനിമാ താരങ്ങൾ ഒത്തൊരുമിച്ച് പറയുന്നു; സേവ് ആലപ്പാട്

അന്തി നേരത്തെ ചൂടൻ ചർച്ചകളും വിവാദങ്ങളും പുകയുമ്പോൾ ഇങ്ങ് കേരള കരയിൽ നിന്ന് ഉയരുന്നത് മാറ്റത്തിന്റെ, പ്രതീക്ഷയുടെ കിരണങ്ങളാണ്.
പ്രളയം തകർത്തെറിഞ്ഞപ്പോൾ താങ്ങായി, തണലായി ഓടിവന്ന കടലിന്റെ മക്കളുടെ നൊമ്പരങ്ങളിലും മലയാള താരങ്ങൾ പങ്കു ചേരുന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന തികച്ചും അശാസ്ത്രീയമായ കരിമണൽ ഖനനം തകർത്തെറിഞ്ഞത്  അനേകം ജീവിതങ്ങളാണ്, അവരുടെ ആശ്രയമാണ്. അവസാന മണ്ണും കിടപ്പാടവും കൈവിട്ട് പോകാതിരിക്കാനായി ആലപ്പാട്ടുകാർ കേഴുമ്പോൾ താങ്ങായി ഇന്ന് സിനിമാ താരങ്ങളും കൂടെ ചേരുന്നു.
ടൊവിനോ തോമസ്, പൃഥിരാജ്, രജീഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിത്താര , പ്രിയാ വാര്യർ , ധനേഷ് ആനന്ദ്, ഫൈസൽ റാസി എന്നിവരെല്ലാം താരങ്ങൾക്ക്  പിന്തുണയേകി രംഗത്തെത്തി കഴിഞ്ഞു.
നടൻ ടൊവിനോ തോമസാണ് സേവ് ആലപ്പാട്ട് എന്ന് ആദ്യമായി സിനിമാ മേഖലയിൽ നിന്ന് ശബ്ദമുയർത്തിയത്. പിന്നീട് പൃഥിയും മറ്റനേകം പേരുമെത്തി..
ധനേഷ് ആനന്ദ് ആലപ്പാടിനായി ഫേസ്ബുക്കിൽ  കുറിച്ചതിന്റെ പൂർണ്ണ രൂപം
ശബരിമലയിൽ സ്ത്രീകളെ കയറ്റാനും വനിതാമതിൽ കെട്ടാനും ഓടിനടന്ന കമ്മ്യൂണിസ്റ്റ് നേതാക്കളോ, അയ്യപ്പനെ രക്ഷിക്കാനും ഹർത്താൽ നടത്താനും നടന്ന ബിജെപിയോ, പേരിന് ഒരു പ്രതിപക്ഷമായ കോൺഗ്രസോ ആലപ്പാട് എന്ന നാട് ഓരോ നിമിഷവും ഇല്ലാതായി കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അയ്യപ്പന്റെ പേരിലുള്ള വോട്ട് നാടകം കഴിഞ്ഞെങ്കിൽ നിങ്ങൾ ജീവനുള്ള മനുഷ്യന് വേണ്ടി, അവനെ വളർത്തുന്ന നാടിന് വേണ്ടി സംസാരിക്കൂ..
തമ്മിൽ തല്ലാനും വെട്ടി കൊല്ലാനും ബോംബ് എറിയാനും നടന്ന അണികളെ.. നിങ്ങൾ കാണിച്ച ആവേശത്തിന്റെ ഒരംശം മതി ഒരു നാടിനെ രക്ഷിക്കാൻ. റേറ്റിങിന് വേണ്ടി എന്തും പറയുന്ന മാധ്യമങ്ങളെ കുറച്ചെങ്കിലും മനഃസാക്ഷി ഉണ്ടെങ്കിൽ ആലപ്പാടിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കൂ..
ഇനിയും വൈകിയിട്ടില്ല.. പ്രളയം വന്നപ്പോൾ നമ്മളെ സഹായിക്കാൻ ഓടിവന്നവരാണ് ഇപ്പോൾ നമ്മുടെ സഹായത്തിനായി കാത്തു നിൽക്കുന്നത്. അവർക്ക് മുന്നിൽ കണ്ണുകൾ അടച്ചു കൂടാ..
#save_alappad #stop_mining