റിലീസിന് ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ട്രാന്‍സ് അണിയറക്കാര്‍ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ ഗാനരംഗത്തെത്തുന്നു. റെക്സ് വിജയന്റെ സഹോദരന് ജാക്സണ് വിജയന് ആണ് ട്രാക്ക് കമ്പോസ് ചെയ്തിരിക്കുന്നത്. പ്രദീപ് കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ക്കൊപ്പം ജാക്സണ് വിജയന് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയിരിക്കുന്നു.
കന്യാകുമാരി ബേസ്ഡ് മോടിവേഷണല്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസിലെത്തുന്നത്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ വിന്‍സന്റ് വടക്കന്റേതാണ്.
നസ്രിയ നസീം നായികയായെത്തുന്നു. 2014ല്‍ വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണിത്. എസ്തര് ലോപസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. സാധാരണ താരമെത്താറുള്ള ബബ്ലി വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണിത്.
ഗൗതം വാസുദേവ് മേനോന്, സൗബിന് ഷഹീര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ജോജു ജോര്‍ജ്ജ്, ഉണ്ണിമായ, അര്ജ്ജുന് അശോകന്, ധര്മ്മജന് ബോള്‍ഗാട്ടി, അരുഷി മുദ്ഗാള്, അശ്വതി മേനോന് എന്നിവരും ചിത്രത്തിലുണ്ട്. പാട്ടുകള്‍ ജാക്സണ് വിജയന് ഒരുക്കിയിരിക്കുന്നു. അദ്ദേഹത്തോടൊപ്പം സുശിന്‍ ശ്യാമും ചേര്‍ന്നാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.