Categories
Film News

ഗൗതമി നായരുടെ സംവിധാന സംരംഭം വൃത്തത്തില്‍ സണ്ണി വെയ്‌നിനൊപ്പം നിവിന്‍ പോളിയും

നടി ഗൗതമി നായര്‍ സംവിധാനത്തിലേക്ക് കടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൃത്തം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സണ്ണി വെയ്ന്‍ മുഖ്യ കഥാപാത്രമാവുന്നു. ദുര്‍ഗ്ഗ കൃഷ്ണ വിമാനം ഫെയിം, ജുമാന ഖാന്‍ എന്നിവര്‍ നായികാവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഭാഗമായി നിവിന്‍ പോളിയുമുണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 20മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വേഷത്തിലായിരിക്കും താരമെത്തുകയെന്നാണ് അറിയുന്നത്. സിനിമയിലെ പ്രാധാന്യമുള്ള വേഷമാണിതെന്നും പറയുന്നു.

കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഇവര്‍ തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സിനിമ കുറുപ്പിന്റെ തിരക്കഥ ഒരുക്കുന്നതും. അനൂപ് മേനോന്‍, ഷംന കാസിം, ശ്രീനിവാസന്‍, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, ജാക്കബ് ഗ്രിഗറി, അനീഷ് ഗോപാലന്‍, വിനി വിശ്വലാല്‍, ബിബിന്‍ പെരുമ്പള്ളികുന്നേല്‍ എന്നിവരും സിനിമയിലുണ്ടാകും.

സിനിമയുടെ ടെക്‌നികല്‍ സൈഡില്‍ കൂടുതല്‍ സ്ത്രീപങ്കാളിത്തമുണ്ടെന്നതും ശ്രദ്ധേയമാണ്. നീരവ് ഷായുടെ മുന്‍ അസോസിയേറ്റ് ശരണ്യ ചന്ദര്‍ ആണ് ക്യാമറ, നേഹ എസ് നായര്‍, യക്‌സന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് ഒരുക്കുന്നത്. അശ്വിനി കെയ്ല്‍ ആര്‍ട്ട് ഡയറക്ടറും വസ്ത്രാലങ്കാരം ചെയ്യുന്നത് സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് സ്റ്റെഫി സേവിയറുമാണ്. ട്രിവാന്‍ഡ്രം ടാക്കീസിന്റെ ഒലീവിയ സൈറ റൈജുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച വൃത്തം ടീമിന് തിരുവനന്തപുരത്ത ഒരു മാസത്തെ അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കാനുണ്ട്. മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ച് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.