നിവിന്‍ പോളി ചിത്രം മൂത്തോനായുള്ള നീണ്ട കാത്തിരിപ്പ് ഏതാണ്ട് അവസാനിക്കാറായി. ഈ വര്‍ഷത്തെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ചിത്രമായി മൂത്തോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 17-24വരെയാണ് ജിയോ മാമി ഫെസ്റ്റിവല്‍ 20ാമത് എഡിഷന്‍ നടക്കുന്നത്. ആദ്യമായാണ് ഒരു മലയാളസിനിമ മാമി ഫെസ്റ്റിവലില്‍ എത്തുന്നത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍, ലക്ഷദ്വീപില്‍ നിന്നുമുള്ള മുല്ലക്കോയ എന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. സഹോദരനെ കണ്ടെത്താനായി അദ്ദേഹം നടത്തുന്ന യാത്രകളാണ്. മൂത്തോന്‍ എന്നത് മൂത്ത സഹോദരനെ സംബോധന ചെയ്യുന്നതിനുള്ള ദ്വീപിലെ ഭാഷയാണ്.

മൂത്തോന്‍ വളരെയധികം പ്രതീക്ഷകളോടെയാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിന്നുമുള്ള ഒരുപറ്റം ആളുകള്‍ സിനിമയുടെ ഭാഗമാകുന്നുവെന്നത് വലിയ ഒരു കാരണമാണ്. ഗീതുമോഹന്‍ദാസ് തന്നെയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ ഹിന്ദി ഡയലോഗുകള്‍ എഴുതാന്‍ അവരെ സഹായിച്ചതാകട്ടെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ രാജീവ് രവി ആണ് സിനിമാറ്റോഗ്രാഫര്‍. ദേശീയ അവാര്‍ഡ് ജേതാവ് അജിത്കുമാര്‍ ആണ് എഡിറ്റിംഗ്.

മൂത്തോനില്‍ ബോളിവുഡ് താരങ്ങളായ ശശാങ്ക അറോറ, ശോഭിത ദുലിപാന്‍ എന്നിവരും റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, പുതുമുഖം മെലിസ രാജു തോമസ് എന്നിവരുമെത്തുന്നു. ജാര്‍ പിക്‌ചേഴ്‌സ്, മിനി സ്റ്റുഡിയോ, ഗുഡ് ബാഡ് ഫിലിംസ് എന്നിവരുമായി ചേര്‍ന്ന് അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

Published by eparu

Prajitha, freelance writer