ആസിഫ് അലി പ്രശസ്ത സംവിധായകൻ സിബി മലയിൽ ഒരുക്കുന്ന കൊത്ത് സിനിമയിൽ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണിത്. നവാഗതനായ ഹേമന്ത് തിരക്കഥ ഒരുക്കുന്ന സിനിമയിൽ രാഷ്ട്രീയക്കാരനായി ആസിഫ് എത്തുന്നു. നിഖില വിമൽ ചിത്രത്തിൽ നായികയാകുന്നുവെന്നതാണ് പുതിയ വാർത്തകൾ. മേരാ നാം ഷാജിക്ക് ശേഷം താരം ആസിഫിനൊപ്പമെത്തുന്ന ചിത്രമാണിത്. റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെത്തുന്നു.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. സ്റ്റുഡിയോയിൽ സജ്ജീകരിച്ചിട്ടുള്ള സെറ്റിൽ ഇൻഡോർ ചിത്രീകരണം പൂർത്തിയാക്കുകയാണ് അണിയറക്കാരിപ്പോൾ. പ്രശാന്ത് രവീന്ദ്രൻ ക്യാമറയും കൈലാസ് മേനോൻ സംഗീതവുമൊരുക്കുന്നു.
സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവർ ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.