Categories
Film News

കക്ഷി അമ്മിണി പിള്ള പുതിയ ടീസര്‍

ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള ജൂണ്‍ 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. റിലീസ് തീയ്യതി അടുത്തതോടെ അണിയറക്കാര്‍ പ്രൊമോഷന്‍ പരിപാടികളിലും ശ്രദ്ധ കൂട്ടിയിരിക്കുകയാണ്. സിനിമയില്‍ നിന്നും പുതിയ ഒരു ഫണ്‍ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരെല്ലാം ടീസറിലുണ്ട. ബേസില്‍ ഒരു ഗാനം റെക്കോര്‍ഡ് ചെയ്യുന്നതാണ് ടീസറില്‍.

പുതുമുഖം ദിന്‍ജിത് അയ്യത്താന്‍ ഒരുക്കുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവന്‍ ആണ്. കോടതി സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. നവദമ്പതികളായ ഷാജിത് കുമാര്‍ അമ്മിണിപിള്ളയുടേയും ഭാര്യ കാന്തി ശിവദാസിന്റേയും ഡിവോഴ്‌സ് കേസുമായി ചുറ്റിപറ്റിയാണ് കഥ. അഹമ്മദ് സിദ്ദീഖ് അമ്മിണി പിള്ളയായും ഫറ ഷിബ്ല ഭാര്യവേഷത്തിലുമെത്തുന്നു.

ആസിഫ് അലി പ്രദീപന്‍ മാഞ്ചോടി എന്ന രാഷ്ട്രീയക്കാരനായ വക്കീലാണ്. ആദ്യം കേസേറ്റെടുക്കാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നീട് അമ്മിണിപിള്ളയുടെ കേസ് പ്രദീപന്‍ ഏറ്റെടുക്കുകയാണ്.

സിനിമയില്‍ സഹതാരങ്ങളായി ബേസില്‍ ജോസഫ്, നിര്‍മ്മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ശിവദാസ് കണ്ണൂര്‍, ലുഖ്മാന്‍, ബാബു അന്നൂര്‍, അശ്വതി മനോഹരന്‍, ഷിബ്ല, സരയു മോഹന്‍ എന്നിവരുമെത്തുന്നു.

അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ബാഹുല്‍ രമേഷ് ക്യാമറയും എഡിറ്റിംഗ് സൂരജ് ഇഎസും നിര്‍വഹിച്ചിരിക്കുന്നു. റിജു രാജന്‍ സാറ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.