പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്സ് ഡേ താരത്തിന്റെ ഓണചിത്രമാണ്. നടന് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫന്‍ ആണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രയിലര്‍ നല്ല പ്രേക്ഷകപ്രതികരണം നേടിയിരുന്നു. അതിന് പിന്നിലായി ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറികല്‍ വീഡിയോ ഇറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തമിഴ്നടന്‍ ധനുഷ് എഴുതി ആലപിച്ചിരിക്കുന്ന ഗാനം.
4മ്യൂസിക്സ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷും 4മ്യൂസിക്സ് ബിബി മാത്യുവും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേ തികച്ചും ഒരു ഫാമിലി എന്റര്ടെയ്നര് ആണ്. കൊമേഴ്സ്യല്‍ ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്ന് ട്രയിലര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്.
മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റിയന് എന്നിവരാണ് നായികമാര്‍. വിജയരാഘവന്, ധര്മ്മജന്, കോട്ടയം നസീര്‍ തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു.
ലിസ്റ്റിന് സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്തുതന്നെ സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.