സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത ചിത്രം ഏ ആര് മുരുഗദോസിന്റേതാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വാര്‍ത്ത സംവിധായകന് സ്ഥിരീകരിച്ചു. സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കംപ്ലീറ്റ് മാസ് എന്റര്ടെയ്നര് ആയിരിക്കും സിനിമയെന്ന് സംവിധായകന് ഉറപ്പ് പറഞ്ഞിരുന്നു. സണ്‍ പിക്ചേഴ്സ് ആയിരിക്കും സിനിമ നിര്‍മ്മിക്കുന്നത്. പേട്ട, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ സണ്‍ പിക്ചേഴ്സ് അടുത്തിടെ രജനീകാന്തുമായി ഏആര്‍ മുരുഗദോസുമായും സഹകരിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയിലെ നായികമാരായി നയന്‍താരയേയും കീര്‍ത്തി സുരേഷിനേയും സമീപിച്ചിരിക്കുന്നു. വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ മുരുഗദോസ് രണ്ട് സൂപ്പര്ഹീറോയിനുകളെ സൂപ്പര്‍സ്റ്റാര്‍ പടത്തില്‍ എങ്ങനെയാണ് കൊണ്ടുവരിതയെന്നത് കൗതുകകരമായിരിക്കും.
ശിവജി,കുസേലന് എന്നീ സിനിമകളില്‍ രജനീകാന്തിനൊപ്പം സ്പെഷല്‍ ഡാന്‍സ് നമ്പറുകളും, ചന്ദ്രമുഖിയില്‍ ജോഡിയായും നയന്‍താര മുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കീര്‍ത്തി ആദ്യമായാണ് സൂപ്പര്സ്റ്റാറിനൊപ്പമെത്തുക. മുരുഗദോസ് ചിത്രം സര്‍ക്കാറില്‍ കീര്‍ത്തിയായിരുന്നു നായിക.
സിനിമയില്‍ സിനിമാറ്റോഗ്രാഫറായി സന്തോഷ് ശിവനും സംഗീത സംവിധായകന് യുവസെന്‍സേഷന്‍ അനിരുദ് രവിചന്ദറുമെത്തും. മറ്റുതാരങ്ങളേയും പ്രീപ്രൊഡക്ഷന് വര്‍ക്കുകളുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്.