പ്രശസ്ത സിബിഐ സീരീസിലെ അവസാന സിനിമ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളെയും അണിയറക്കാരേയും ഫൈനലൈസ് ചെയ്തുകൊണ്ടിരിക്കുന്നു.
എസ് എന്‍ സ്വാമി അറിയിച്ചിരിക്കുന്നത് മമ്മൂട്ടിക്കൊപ്പം, മുകേഷ്, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകുമെന്നാണ്. സേതുരാമയ്യരുടെ വിശ്വസ്ത സബോര്‍ഡിനേറ്റ് ചാക്കോ ആയി മുകേഷ് തുടരും. സീരീസിലെ നാല് ഭാഗങ്ങളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യ ഭാഗം ഒരു സിബിഐ ഡയറികുറിപ്പില്‍ ചാക്കോ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. മറ്റു മൂന്നു സിനിമകളിലും സിബിഐ ഇന്‍വസ്റ്റിഗേഷന്‍ ടീമിനൊപ്പമുള്ള ആളായിരുന്നു ചാക്കോയും.
സിബിഐ 5ല്‍, സായി കുമാര്‍ ഡിവൈഎസ്പി സത്യദാസ് ആയെത്തും. സിബിഐ സീരീസില്‍, സത്യദാസ്, ദേവദാസ് എന്ന കഥാപാത്രത്തിന്റെ മകനാണ്. അന്തരിച്ച പ്രശസ്ത നടന് സുകുമാരന്‍ ആദ്യ രണ്ട് സിനിമകളില്‍ ദേവദാസ് എന്ന കഥാപാത്രമായെത്തി. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത എന്നീ സിനിമകളില്‍. സായി കുമാര്‍ മൂന്നാംഭാഗം സേതുരാമയ്യര്‍ സിബിഐ എന്ന സിനിമയിലാണ് എത്തിയത്.
സിബിഐ 5 ചിത്രീകരണം ജൂണില്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ സിനിമ ധാരാളം ഔട്ട്ഡോര്‍ ചിത്രീകരണങ്ങള്‍ ആവശ്യപ്പെടുന്നതിനാല്‍, കൂടാതെ നിരവധി താരങ്ങളേയും സാഹചര്യം അനുകൂലമാവും വരെ കാത്തിരിക്കുകയാണ് അണിയറക്കാര്‍.