ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. മോഹൻ ലാൽ നായകനായെത്തുമെന്നത് കുറച്ചൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്, എംടി വാസുദേവൻ നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.

ഒടിയൻ ഒരുക്കിയ ശ്രീകുമാർ മേനോനാണ് രണ്ടാമൂഴവും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് , എന്നാൽ പൊടുന്നനെയാണ് ശ്രീകുമാറിന്റെ കയ്യിൽ നിന്നും തിരക്കഥ തിരികെ വേണമെന്ന വാദവുമായി എംടി ഹർജി നൽകിയത്. ഇക്കാര്യത്തെച്ചൊല്ലി സോഷ്യൽ മീഡിയകളിൽ വാദം പലവഴിക്ക് നീങ്ങുകയാണ്.

എന്നാൽ എംടി തിരക്കഥ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതിന് ശേഷവും രണ്ടാമൂഴം മോഹൻലാലിനെ വച്ച് എടുക്കുമെന്ന് ശക്തമായി ശ്രീകുമാർ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാദങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ നിൽക്കേ പ്രതികരണവുമായി എംടിയുടെ മകൾ രം​ഗത്തെത്തിയിരിക്കുന്നു ,

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം,

പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.

രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

. അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദിയെന്ന് അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

Published by eparu

Prajitha, freelance writer