കാത്തിരിപ്പുകള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായെത്തുന്ന മൂത്തോന്‍ തിയേറ്ററുകളില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. അതേ സമയം ഒക്ടോബര്‍ 11 വെള്ളിയാഴ്ച ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. നിവിന്റെ ഫാന്‍സും മലയാളി സിനിമാപ്രേമികളും സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടത്തിയിരുന്നു. അവിടെ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂത്തോന്‍ 20ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 24വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

മുല്ലക്കോയ എന്ന ലക്ഷദ്വീപുകാരന്റെ കഥയാണ് മൂത്തോന്‍. റോഷന്‍ മാത്യു, മെലിസ രാജു തോമസ്, ശശാങ്ക് അറോറ, ശോഭിത ദുലിപാലിയ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്.

മൂത്തോന്‍ കഥ എഴുതിയിരിക്കുന്നത് ഗീതു ആണെങ്കിലും ഹിന്ദി ഡയലോഗുകള്‍ തയ്യാറാക്കാന്‍ അനുരാഗ് കശ്യപ് സഹായിച്ചിട്ടുണ്ട്. ജാര്‍ പിക്‌ചേഴ്‌സ്, മിനി സ്റ്റുഡിയോ, ഗുഡ്ബാഡ് ഫിലിംസ് എന്നിവരുമായി ചേര്‍ന്ന് അനുരാഗ് തന്നെയാണ് സിനിമ അവതരിപ്പിക്കുന്നത്.

Published by eparu

Prajitha, freelance writer