ഇന്ത്യന്‍ സിനിമയില്‍ താരങ്ങളുടെ മക്കള്‍ സിനിമയിലേക്കെത്തുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തിലും നിരവധി താരപുത്രന്മാര്‍ സിനിമയിലേക്കെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലേക്കെത്തിയതിനെ പിറകെ മകള്‍ വിസ്മയയും സിനിമാലോകത്തേക്കെത്താനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. സഹോദരനെ പോലെ തന്നെ സിനിമയിലേക്ക് വിസ്മയ എത്തുന്നതും അസിസ്റ്റന്‍്‌റ് ഡയറക്ടറായാണ്.

മോഹന്‍ലാലിന്റെ ആദ്യസംവിധാനസംരംഭം ബാറോസില്‍ അച്ഛനെ അസിസ്റ്റ് ചെയ്ത് വിസ്മയ എത്തും. കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി ചിത്രത്തിന്റെ ഭാഗമായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റായി രേവതി എത്തിയിട്ടുണ്ട്.

നാല് ദശകത്തെ അഭിനയജീവിതത്തില്‍ ഇതാദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുകയാണ്. വളരെ പ്രതീക്ഷകളോടെ ഒരുക്കുന്ന ഒരു ഫാന്റസി സിനിമയാണ് ബാറോസ്. ജൂണില്‍ ആരംഭിക്കാനിരുന്ന ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടുകയാണുണ്ടായത്. നിരവധി വിദേശതാരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായെത്തുന്നുവെന്നതിനാല്‍ തന്നെ ചിത്രീകരണം എപ്പോള്‍ തുടങ്ങാനാവുമെന്നതില്‍ വ്യക്തതയില്ല.

ബാറോസ് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ 3ഡി സിനിമയുടെ സംവിധായകന്‍ ആണ്. വാസ്‌കോഡ ഗാമയുടെ നിധിക്ക് 400വര്‍ഷക്കാലത്തോളം കാവല്‍ക്കാരനായിരുന്ന മിത്തിക്കല്‍ കഥാപാത്രമാണ് ബാറോസ്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer