Categories
Film News

മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യുഎ സര്‍ട്ടിഫിക്കറ്റ്, റിലീസ് തീയ്യതി ഉറപ്പിച്ചു

മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദര്‍ യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 162മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ്. ജനുവരി 16ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് ഇതോടെ ഉറപ്പിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത പ്രൊമോകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യവും നല്‍കിയിട്ടുണ്ട്.

ബിഗ് ബ്രദര്‍ കഥയും സംവിധാനവും സിദ്ദീഖ് ഒരുക്കിയിരിക്കുന്നു. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഡ്രഗ് മാഫിയയ്‌ക്കൊപ്പമുണ്ടായിരുന്ന ഇരുണ്ട ഭൂതകാലത്തില്‍ എഡ്വിന്‍ മോസസ് എന്നായിരുന്നു പേര്. അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹോദരങ്ങളായെത്തുന്നു. പുതുമുഖതാരം ഗാഥ, ഹണി റോസ്, മിര്‍ണ മേനോന്‍, സാതന ടൈറ്റസ് എന്നിവരാണ് നായികമാര്‍.

ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു ചിത്രത്തിലൂടെ. പോലീസ് ഓഫീസറായാണ് അദ്ദേഹമെത്തുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇര്‍ഷാദ്, ജോണ്‍ വിജയ്, ടിനി ടോം, ജനാര്‍ദ്ദനന്‍, ചെമ്പന്‍ വിനോദ് എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ ക്യാമറ ജിത്തു ദാമോദര്‍, മ്യൂസിക് ദീപക് ദേവ്.

സംവിധായകന്‍ സിദ്ദീഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.